MURUKAN KATTAKKADA KAVITHAKAL


    പക (മുരുകന്‍ കാട്ടാക്കട)


ദുരമൂത്തു നമ്മൾക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മൾക്ക്, മല വെളുത്തു
തിരമുത്തമിട്ടോരു കരിമണൽ‌ തീരത്ത്-
വരയിട്ടു നമ്മൾ പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്


രാസതീർത്ഥം കുടിച്ചാമാശയം വീർത്ത്
മാത്രാവബോധം‌ മറഞ്ഞ പേക്കുട്ടികൾ‌
രാത്രികൾ‌ പോലെ കറുത്ത തുമ്പപ്പൂവ്
രോഗമില്ലാതെയുണങ്ങുന്ന വാകകൾ‌


മാനത്ത് നോക്കൂ കറുത്തിരിക്കുന്നു
കാർ‌മേഘമല്ല, കരിമ്പുകച്ചുരുളുകൾ‌
പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ
പിച്ചിയല്ല, വിഷം തിന്ന തെച്ചി.
കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌
ഗന്ധകപ്പാലപൂത്തുലയുന്ന മാദകം‌
പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ
പുറം‌ തോലറ്റിറങ്ങുന്നതഗ്നി സർ‌പ്പം‌


മഴയേറ്റു മുറ്റത്തിറങ്ങി നിൽ‌ക്കൂ മരണ-
മൊരു തുള്ളിയായണുപ്രഹരമായി
ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടൽ‌
കണ്ണീരിനുപ്പിൻ‌ ചവർപ്പിറക്കൂ
പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്


ഇരുകൊടുങ്കാറ്റുകൾ‌ക്കിടയിലെ ശാന്തിതൻ‌
ഇടവേളയാണിന്ന് മർത്യജന്മം‌
തിരയായി തീരത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക..
ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ
കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരർ‌
ആരുടേതാണുടഞ്ഞൊരീ കനവുകൾ‌?
ആരുടച്ചതാണീ കനൽചിമിഴുകൾ‌?
ആരുടേതീ നിരാലംബ നിദ്രകൾ‌?
ആരുറക്കിയീ ശാന്തതീരസ്മൃതി
നീ, ജലാദ്രി, തമോഗർ‌ത്ത സന്തതി
നീ, ജലാദ്രി, തരംഗരൂപിപ്പക!


അലറി ആർത്തണയുന്ന തിര തമോഗർ‌ത്തത്തില-
ടവച്ചു വിരിയിച്ച മൃതി വിളിച്ചു
അലമുറകളാർ‌ത്തനാദങ്ങൾ‌ അശാന്തികൾ‌
അവശിഷ്ടമജ്ഞാതമൃതചിന്തകൾ‌
അം‌ഗുലീയാഗ്രത്തിൽ‌‌ നിന്നൂർന്നു തിരതിന്ന
പുത്രനായ് കേഴുന്ന പിതൃസന്ധ്യകൾ‌
ഇനിയെത്ര തിരവന്നു പോകിലും‌
എന്റെ കനൽ‌മുറിവിൽ നിൻ‌മുഖം  മാത്രം
എന്റെ ശ്രവണികളിൽ‌ നിൻ‌ തപ്ത നിദ്രമാത്രം‌
തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകൾ‌
കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകൾ‌
കവിളിലാരാണു തഴുകുന്നൊതീ കുളിർ‌
കടൽ‌ മാതാവ് ഭ്രാന്തവേഗത്തിലോ..?
അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ
തരളഹൃദയത്തുടിപ്പസ്തമിച്ചുവോ?
നിഴലുകെട്ടിപ്പുണർന്നുറങ്ങുന്നുവോ
പുലരികാണാപ്പകൽ‌ക്കിനാച്ചിന്തുകൾ‌
ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം‌
കൊന്നവർ‌ കുന്നായ്മ കൂട്ടാ‍യിരുന്നവർ‌
ഇന്നൊരേകുഴിയിൽ കുമിഞ്ഞവർ‌ അദ്വൈത –
ധർമ്മമാർ‌ന്നുപ്പു നീരായലിഞ്ഞവർ‌
ഇരു കൊടുങ്കാറ്റുകൾ‌ക്കിടയിലെ ശാന്തിതൻ‌
ഇടവേളയാണിന്നു മർത്യജന്മം‌
തിരയായി തീർത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക


അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന
സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോൽ‌
കടലിതാ ശാന്തമായോർ‌മ്മകൾ‌ തപ്പുന്നു
ഒരു ഡിസംബർ‌ ത്യാഗതീരം കടക്കുന്നു.


                                              തിരികെയാത്ര


മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും


വാമനന്മാരായ് അളന്നളന്നവരെന്‍റെ
തീരങ്ങളില്‍ വേലിചാര്ത്തി
വേദന പാര്തന്ത്രത്തിന്‍റെ വേദന
പോരൂ ഭഗീരഥാവീണ്ടും


തുള്ളികളിച്ചു പുളിനങ്ങളെ പുല്കി
പുലരികളില്‍ മഞ്ഞാട ചുറ്റികഴിഞ്ഞ്നാള്‍
വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍
നീര്തെറ്റിനീരാടി നീന്തികളിച്ചനാള്‍




വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍
വിരിയിച്ചുവേര്‍പണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളില്‍ കുളിരേറ്റുനിര്വ്രുതി
കരളില്‍ തണുപ്പായ് പുതച്ചോരുനാളുകള്‍






കെട്ടുപോകുന്നുവസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുലവേഗം
ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ്
പോരൂ ഭഗീരഥാ വീണ്ടും






എന്‍റെ പൈകന്നിന്നു നീര്‍ കൊടുത്തീടതെ
എന്‍റെ പൊന്മാനിനു മീനുനല്കീടാതെ
എന്‍റെ മണ്ണിരകള്‍ക്കു ചാലുനല്കീടാതെ
കുസ്രുതി കുരുന്നുകള്‍ ജലകേളിയാടാതെ




കുപ്പിവളത്തരുണി മുങ്ങിനീരാടാതെ
ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്കീടാതെ
വയലുവാരങ്ങളില്‍ കുളിരു കോരീടാതെ
എന്തിന്നു പുഴയെന്ന പേരുമാത്രം




പോരൂ ഭഗീരഥാ വീണ്ടും
കൊണ്ടു പോകൂ ഭഗീരഥാ വിണ്ണില്‍


നായാടി മാടിനെ മേച്ചു പരസ്പരം
പോരാടി കാട്ടില്‍ കഴിഞ്ഞ മര്‍ത്ത്യന്‍
തേടിയതൊക്കെയെന്‍ തീരത്തു നല്കി ഞാന്‍
നീരൂറ്റി പാടം പകുത്തു നല്കി




തീറ്റയും നല്കി തോറ്റങ്ങള്‍ നല്കി
കൂട്ടിന്നു പൂക്കള്‍ പുല്‍ മേടുനല്കി
പാട്ടും പ്രണയവും കോര്ത്തു നല്കി
ജീവന സംസ്ക്രുതി പെരുമ നല്കി




സംഘസംഘങ്ങളായ് സംസ്കാരസഞ്ചയം
പെറ്റു വളര്‍ത്തി പണിക്കാരിയമ്മപോല്‍
പൂഴിപരപ്പായി കാലം അതിന്നുമേല്‍
ജീവന്‍റെ വേഗത്തുടിപ്പായി ഞാന്‍




വിത്തെടുത്തുണ്ണാന്‍ തിരക്കുകൂട്ടുമ്പൊഴീ
വില്പനക്കിന്നുഞാന്‍ ഉത്പന്നമായ്
കൈയില്‍ ജലം കോരി സൂര്യബിംബം നോക്കി
അമ്മേ ജപിച്ചവനാണു മര്‍ത്ത്യന്‍




ഗായത്രി ചൊല്ലാന്‍ അരക്കുമ്പിള്‍ വെള്ളവും
നീക്കാതെ വില്ക്കാന്‍ കരാറു കെട്ടി
നീരുവിറ്റമ്മതന്‍ മാറുവിറ്റു
ക്ഷീരവും കറവകണക്കു പെറ്റു




ഇനിവരും നൂറ്റാണ്ടില്‍ ഒരു പുസ്തകത്താളില്‍
പുഴയെന്ന പേരെന്‍റെ ചരിതപാഠം
ചാലുകളിലെല്ലാമുണങ്ങിയ മണല്‍ കത്തി
നേരമിരുണ്ടും വെളുത്തും കടന്നുപോം
ഒടുവില്‍ അഹല്യയെപ്പോലെ വസുന്ധര
ഒരു ജലസ്പര്‍ശമോക്ഷം കൊതിക്കും




അവിടെയൊരുശ്രീരാമ ശീതള സ്പര്‍ശമായ്
തിരികെ ഞാനെത്തുംവരേക്കാനയിക്കുക
മാമുനീശാപം മഹാശോകപര്‍വം
നീ തപം കൊണ്ടെന്‍റെ മോക്ഷഗമനം




ഉള്ളുചുരന്നൊഴുകി സകര താപം കഴുകി
പിന്നെയുംഭൂമിക്കു പുളകമേകി
അളവുകോലടിവച്ചളന്നു മാറ്റുന്നെന്‍റെ
കരളിലൊരു മുളനാഴിയാഴംതെരക്കുന്നു




ഒരു ശംഖിലാരും തൊടാതെന്‍റെ ആത്മാവു
കരുതി വയ്കൂന്നു ഭവാനെയും കാത്തുഞാന്‍
വന്നാകരങ്ങളിലേറ്റുകൊള്‍കെന്നെ ഈ
സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം




മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വരിക ഭഗീരഥാ വീണ്ടും


        കാത്തിരിപ്പ്‌ - മുരുകന്‍ കാട്ടാകട


ആസുരതാളം തിമര്‍ക്കുന്നു ഹൃദയത്തില്‍ 
ആരോ നിശബ്ദമൊരു നോവായി നിറയുന്നു


നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്‍
 ആര്‍ദ്രമൊരു വാക്കിന്റെ  വേര്‍പാട് നുരയുന്നു 
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി 


ഒടുവിലെത്തുന്നതും നോക്കി പാഴ്സ്മൃതികളില്‍
 കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
 കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു


ഞാനുറങ്ങുമ്പൊഴും കാത്തിരിപ്പൊറ്റക്കു
 താഴെയൊരൊറ്റയടിപ്പാതയറ്റത്തു വീഴും 
നിഴല്‍പ്പരപ്പിന്നു കണ്പാര്‍ക്കുന്നു 
എന്റെ മയക്കത്തില്‍ എന്റെ സ്വപ്നങ്ങളില്‍ 
കാത്തിരിപ്പെന്തൊ തിരഞ്ഞോടിയെത്തുന്നു


ആരെയോ ദൂരത്തു കണ്ടപോലാനന്ദ മോദമോടെന്നെ
വിളിച്ചുണര്‍ത്തീടുന്നു
മാപ്പിരക്കും മിഴി വീണ്ടുമോടിക്കുന്നു 
ഭൂതകാലത്തിന്നുമപ്പുറം വീണ്ടുമൊരു വാക്കിന്റെ വേനല്‍ മഴത്തുള്ളി
  വീഴ്വതും നോറ്റ് കനക്കും കരള്‍ക്കുടം ചോരാതെ 
 കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു


കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
 കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
മച്ചിലെ വാവല്‍ കലമ്പലില്‍ ഘടികാരമൊച്ചയുണ്ടാക്കും നിമിഷ പുഷ്പങ്ങളില്‍
 തെന്നല്‍ തലോടി തുറന്ന പടിവാതിലില്‍ തെക്ക് നിന്നെത്തുന്ന തീവണ്ടി മൂളലില്‍ 
ഞെട്ടിയുണര്‍ന്നെത്തി നോക്കുന്നു പിന്നെയും 
ഒച്ച്‌ പോലുള്‍വലിഞ്ഞീടുവാനെന്കിലും 
ഒരു പകല്‍ പടിവാതിലോടിയിറങ്ങുമ്പോളിരവു കറുത്ത ചിരി തൂകിയണയുമ്പോള്‍
  ഇരുവര്‍ക്കുമിടയിലൊരു സന്ധ്യപൂത്തുലയുമ്പോള്‍
 ഇലകളനുതാപമോടരുണാശ്രുവേല്ക്കുമ്പോള്‍
 എവിടെയോ മിഴി പാകി ഒരു ശിലാശകലമായ്
വാക്കിന്റെ വേനല്‍ മഴത്തുള്ളി
  വീഴ്വതും നോറ്റ് കനക്കും കരള്‍ക്കുടം ചോരാതെ 
 കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു


  കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
 കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
വേദന ..വേദന വാരിപ്പുതച്ചു വീണ്ടും 
എന്റെ കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു 


കണ്ണീരു പൊടിയുന്ന വട്ടുന്നതോര്‍ക്കാതെ
ആര്‍ദ്രമൊരു വാക്കിന്റെ  വേര്‍പാട് നുരയുന്നു 
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി 


ഒടുവിലെത്തുന്നതും നോക്കി പാഴ്സ്മൃതികളില്‍
 കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
 കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു


        രേണുക (മുരുകന്‍ കാട്ടാകട)


രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു..


പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍..


 രേണുകേ നാം രണ്ടു മേഘശകലങ്ങളായ്  അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍..


മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-വിരഹമേഘ ശ്യാമ ഘനഭംഗികള്‍..



പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം..


ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ- വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..



ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം..


എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-കണ്ടുമുട്ടാമെന്ന വാക്കു മാത്രം..


നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി-നാം കടം കൊള്ളുന്നതിത്ര മാത്രം..



രേണുകേ നാം രണ്ടു നിഴലുകള്‍-ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍-


പകലിന്റെ നിറമാണ് നമ്മളില്‍ നിനവും നിരാശയും.


.കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍-വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി..


നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ..



ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം..


എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം..



സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവത്തില്‍


മുന്നില്‍ രൂപങ്ങളില്ലാ കണങ്ങലായ് നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങലായ്..


പകല് വറ്റി കടന്നു പോയ് കാലവും പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും..


പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ-പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ..





ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്‌-ചിതറി വീഴുന്നതിന്‍ മുന്പല്‍പ്പമാത്രയില്‍ -


ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ- മധുരം മിഴിപൂ നനച്ചുവോ രേണുകേ?...



രേണുകേ നീ രാഗ രേണു കിനാവിന്റെ-നീല കടമ്പിന്‍ പരാഗ രേണു..


പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു- നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍........................



No comments: